പൊന്നുംകുടത്തിന് എന്തിനാ പൊട്ട് ?

ഒരു കുറവ് കുറവല്ലാതാകുന്നതാണ് ശരിക്കുള്ള ആശയമെങ്കിലും നികത്തപ്പെട്ട ആ കുറവ് അധികപ്പറ്റായാലും ഈ ചൊല്ല് പറയാം എന്ന് ഇവിടെ തെളിയുന്നു. പൊട്ടു കുത്തിയാലും ചിലപ്പോള്‍ ഈ പഴഞ്ചൊല്ല് പറയേണ്ടി വരും എന്ന് സാരം. അത്തരത്തിലൊരു സന്ദര്‍ഭമാണ് ഈ പോസ്റ്റിലെ ചിത്രം സമ്മാനിക്കുന്നത് എന്ന് തോന്നുന്നു.

“അതിന് ഈ ചിത്രത്തില്‍ എവിടെയാ പൊട്ട് ?” എന്നാരിക്കും ചിന്തിച്ചത് അല്ലേ? ആ പഴഞ്ചൊല്ലിലെ പൊട്ട് ഒരു അലങ്കാരമെന്ന രീതിയില്‍ എടുത്താല്‍ വളരെവേഗം ചിലര്‍ക്കത് ഈ ചിത്രത്തില്‍ കാണാം. മറ്റുചിലരുടെ കണ്മുന്നില്‍ അത് പതിയെ എങ്കിലും തെളിഞ്ഞുവന്നേക്കാം. മറ്റുചിലര്‍ അത് ഒരിക്കലും കണ്ടില്ലെന്നും വരാം. അലങ്കാരം സൗന്ദര്യം പോലെതന്നെ ആപേക്ഷികമാണല്ലോ. ഓരോരുത്തരുടെ മനോഭാവമാണ് ഓരോ പൊട്ടും തെളിക്കുന്നതും മറക്കുന്നതും. എന്നാല്‍ ആരേയും കുറ്റപ്പെടുത്താനോ ശരിതെറ്റുകള്‍ വിശകലനം ചെയ്യാനോ ഞാന്‍ മുതിരുന്നില്ല.

പേപ്പറില്‍ വീണു പടര്‍ന്ന മഷിക്ക് ഒരാള്‍രൂപ സാദൃശ്യം തോന്നുന്നുവെങ്കില്‍ ആദ്യം ഓര്‍മ്മവരിക മനസ്സിന്‍റെ അടിത്തട്ടില്‍ തറഞ്ഞ ചില വ്യക്തികളുടെ ചിത്രങ്ങളായിരിക്കും. എത്ര അവ്യക്തമായി വരച്ചാലും ഏവര്‍ക്കും വ്യക്തമാകുന്ന ഒരാളുടെതായിരിക്കും അതില്‍ ഏറ്റവും മുന്നില്‍ വരിക. പോസ്ററുകളിലും തൂണുകളിലും ടീഷര്‍ട്ടുകളിലും തോപ്പിയിലും എല്ലാം ഏറ്റവും കൂടുതല്‍ വരക്കപ്പെട്ട രൂപം.

അത് ഒരു പ്രത്യേക പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ടോ ദേശക്കാരന്‍ ആയതുകൊണ്ടോ വര്‍ഗ്ഗക്കാരന്‍ ആയതുകൊണ്ടോ അല്ല മറിച്ച് അസാധ്യമായ മനക്കരുത്തും പോരാട്ടവീര്യവും കൊണ്ടാണ് ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് അദ്ദേഹം ഹരമായി മാറിയത്. അതി സുന്ദരനായോ അതിഭാവുകത്വം തുളുമ്പുന്ന രൂപങ്ങളായോ അല്ല “ചെ” എന്ന വിപ്ലവ നായകന്‍ ഓരോരുത്തരുടെയും മനസ്സില്‍ ഇടം പിടിച്ചത്. “ചെ” എന്ന വികാരം സന്നിവേശിപ്പിക്കാന്‍ അലങ്കാരങ്ങളുടെ അകമ്പടി ആവശ്യവുമില്ല.

ഉത്തമ പൗരുഷ സങ്കല്‍പം നിര്‍വചിക്കുക എളുപ്പമല്ല പ്രത്യേകിച്ചവന്‍ ധീരനും പോരാളിയും ആണെങ്കില്‍. കാലദേശങ്ങള്‍ക്കനുസ്സരിച്ച് വര്‍ണ്ണനാരൂപങ്ങള്‍ മാറിക്കൊണ്ടിരിക്കും. സിനിമകളിലോ കഥകളിലോ നാം കണ്ട അതിഭാവുകത്വം നിറഞ്ഞ രൂപങ്ങളാണ് മിക്കപ്പോഴും ഒരു വീരന് നാം കല്പിച്ചുകൊടുക്കുന്നത്.

തെറുത്തുവെച്ച കട്ടിമീശയും കുത്തിമടക്കിയ മുണ്ടും ചുണ്ടിലെരിയുന്ന ചുരുട്ടും ഒരലങ്കാരം പോലെ നല്‍കിയപ്പോള്‍ ചിലര്‍ അതിനെ വീര ലക്ഷണമായി കണ്ടു. അഴകളവൊത്ത ഉറച്ച ശരീരവും ആകര്‍ഷകമായി ആയുധമേന്തിനില്‍ക്കുന്നതും വേറെചിലര്‍ക്ക് വീര ലക്ഷണമാകുമ്പോള്‍. മറ്റുചിലര്‍ക്ക് ഇതൊന്നുമല്ലെന്നും വരാം. അതില്‍ ആര്‍ക്കും തെറ്റുകണ്ടെത്താനുമാവില്ല.

che guevara in kerala
Photo by: @sknachari

എന്നാല്‍ യഥാര്‍ത്ഥ വീരന് ഇതിന്‍റെയൊന്നും ഒരാവശ്യവുമില്ല. പല രൂപങ്ങള്‍ പല ഭാവങ്ങള്‍ പല ചരിത്രസംഭവങ്ങള്‍ നിമിഷനേരംകൊണ്ട് മനസ്സില്‍ നിറയ്ക്കാന്‍ അവരുടെ പേരുതന്നെ ധാരാളമാണ്. അത്തരം സവിശേഷതകളോടെത്തന്നെയായിരിക്കണം ആ മഹാനെ അടുത്ത തലമുറക്കും നാം പരിചയപ്പെടുത്തേണ്ടത്.

ഇക്കഴിഞ്ഞ ദിവസം പ്രവേശനോത്സവദിവസം ഒരു സ്കൂളിനുമുന്നില്‍ കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് വലിച്ചുകെട്ടിയിരുന്ന ബാനറായത്കൊണ്ട് മാത്രമാണ് ഈ കുറിപ്പ്. രാഷ്ട്രീയം ഒഴിവാക്കി അലങ്കാരങ്ങള്‍ മനസ്സില്‍പ്പതിയുന്നതിന്റെ വ്യതാസം മാത്രം കാണുക.
NB: “പുകവലി ആരോഗ്യത്തിന് ഹാനികരം”

About SKN ACHARI

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.