ജീവനുള്ള കഥകളി കടിക്കുമോ അമ്മച്ചി?

എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഈ ചോദ്യം മറ്റാരില്‍ നിന്നും അല്ല ഉണ്ടായത് എന്‍റെ മൂന്നുവയസ്സുള്ള മകളില്‍നിന്നുമാണ്.

നിത്യവും വൈകിട്ടുള്ളതുപോലെ അന്നും ഉണ്ടായിരുന്നു അമ്മയും മകളും തമ്മിലുള്ള കുസൃതിപ്പോര്.  ജോലി കഴിഞ്ഞു തളര്‍ന്നാണ് വന്നതെങ്കിലും ആ കുട്ടിപ്പോര് അവള്‍ക്കുണ്ടാക്കുന്ന സന്തോഷം അന്നും മുഖത്ത് പ്രകടമാരുന്നു.  ഒരു റെസ്ലിംഗ് ജയിച്ച ഭാവത്തില്‍ കുട്ടിക്കുറുമ്പി അവളുടെ എളിയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. അപ്പോള്‍ വളരെ ആകാംഷയോടെ അമ്മയുടെ മുഖം അവളുടെ മുഖത്തിന്‌ നേരെ പിടിച്ചു ചരിച്ചുവെച്ചുകൊണ്ട് ചോദിച്ചു “ഈ ജീവനുള്ള കഥകളി കടിക്കുമോ അമ്മച്ചീ “

അതുകേട്ട് ഭാര്യയും ഭാര്യ പറഞ്ഞറിഞ്ഞ് എന്‍റെ അമ്മയും ആ ചോദ്യത്തിലെ കുസൃതിയും ആശങ്കയും നന്നായി ആസ്വദിക്കുന്നുണ്ടാരുന്നു.

ഒരുപക്ഷെ ഇത് വായിച്ചപ്പോള്‍ നിങ്ങളുടെയും മനസ്സില്‍ ഒരു ചെറിയ ചിരി പോട്ടിയേക്കാം.

അതുകേട്ട് ചിരിക്കുമ്പോളും എന്‍റെ മനസ്സിലേക്ക് കുറേ ഏറെ ചോദ്യങ്ങള്‍ കടന്നു വരുന്നുണ്ടായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം തേടല്‍ എന്നെ കൊണ്ടുചെന്നെത്തിച്ചത് ചില തിരിച്ചറിവുകളിലും ഓര്‍മ്മപ്പെടുത്തലുകളിലുമാണ്.

മുന്‍വിധി മറച്ച കുഞ്ഞുമനസ്സ്

ശരിക്കും നമ്മള്‍ എന്തിനാണ് ആ ചോദ്യം കേട്ടപ്പോള്‍ ചിരിച്ചത് ? അങ്ങനെ ഒരു ചോദ്യം ചോദിക്കരുതായിരുന്നോ?

ശരിക്കും അങ്ങനെ ഒരു ചോദ്യം ചോദിച്ച കുഞ്ഞാണോ തെറ്റുകാരി? അതോ അത് കേട്ടുചിരിച്ച നമ്മളാണോ കുറ്റക്കാര്‍? ആ കുഞ്ഞുമനസ്സില്‍നിന്നും എന്തുകൊണ്ട് ഇത്തരത്തിലുള്ളൊരു ചോദ്യമുണ്ടായി എന്നുള്ളത് പ്രസക്തവുമാണ്.

പലപ്പോഴും ചില കൗതുകം ജനിപ്പിക്കുന്ന രൂപങ്ങളും ചിത്രങ്ങളും നാം കുഞ്ഞുങ്ങളെ കാണിക്കാറുണ്ട്.  നമ്മില്‍ കൗതുകം ജനിപ്പിച്ചതുകൊണ്ടാകാം നമ്മള്‍ കുട്ടികളേയും അതുകാണിക്കാന്‍ ശ്രമിക്കുന്നത്.  നമ്മില്‍ ഉണ്ടായ കൗതുകം അത്രതന്നെ അളവില്‍ കുഞ്ഞുങ്ങളിലും അത് ഉണ്ടാക്കും എന്നുള്ളത് ഒരു മിഥ്യാധാരണയാണെന്നുള്ളത് പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നില്ല.

ഒരുചിത്രമോ രൂപമോ നമ്മള്‍ കാണുമ്പോള്‍ ശരിക്കും ആ ചിത്രം അല്ലേല്‍ ആ രൂപം മാത്രമായല്ല നമ്മുടെ മനസ്സില്‍ പതിയുന്നത്. അതോടൊപ്പം അതിനെപ്പറ്റി നമുക്കറിയാവുന്ന വിവരങ്ങളും അതില്‍പ്പെടാറുണ്ട്.  ഒരു വിവരവും അറിയാത്ത ഒരു വസ്തുവിനെ കാണുമ്പോള്‍ അല്ലേല്‍ അതിനെ വിലയിരുത്തുമ്പോള്‍ പലരുടെയും വീക്ഷണകോണുകള്‍ വ്യത്യസ്തമായിരിക്കും.

അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന കഥകളി രൂപം പലപ്പോഴും കാണിക്കാറുണ്ടായിരുന്നു. അതുപോലെ അതൊരു ഭയപ്പെടുത്തുന്ന രൂപമായി നമ്മള്‍ കാണാത്തതുകൊണ്ട് അതുകാണിച്ച് പേടിപ്പിച്ച് ചോറ് ഊട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചതുമില്ല.

കഥകളിയെപ്പറ്റിയുള്ള അറിവ് നമ്മളിലുണ്ടാക്കിയ രൂപമായിരുന്നില്ല ആ കുഞ്ഞുമനസ്സില്‍ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാന്‍ നമ്മളല്ലേ ശരിക്കും താമസിച്ചത്.

കഥകളി നമുക്ക് പൈതൃക ചിഹ്നമാകാം ആ കുഞ്ഞുമനസ്സിലും അതേ ചിന്തകള്‍ തന്നെ വരണം എന്നുള്ള മുന്‍വിധി തന്നെയല്ലേ നമ്മെ ചിരിപ്പിക്കാന്‍ കാരണമായത്?

എന്തുകൊണ്ട് കഥകളിക്ക് കടിച്ചുകൂടാ?

എന്തുകൊണ്ട് ചോദിച്ചു എന്തുകൊണ്ട് ചിരിച്ചു എന്നുള്ളത് ഒരു വശം മാത്രമല്ലെയാകുന്നുള്ളൂ. എന്തുകൊണ്ട് പേടിച്ചു എന്നുള്ള ഒരു ചോദ്യം കൂടി ബാക്കിനില്‍ക്കുന്നില്ലെ?

അവസാനത്തെ ഈ ചോദ്യമാണ് ഇതുവരെ നോക്കത്തരീതിയില്‍ കഥകളിരൂപത്തെ നോക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.  സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒന്നുറപ്പായി കുഞ്ഞിനല്ല നമുക്കാണ് തെറ്റിയതെന്ന്.

പച്ച തേച്ച മുഖത്തെ ചുവന്ന വായും വെള്ള താടിയും കട്ടിക്കറുപ്പിനാല്‍ വലയം ചെയ്ത ചുവന്ന കണ്ണും മഞ്ഞ നെറ്റിത്തടവും ഉള്ള കഥകളി രൂപം ശരിക്കും എതോരുകുട്ടിക്കും ഭയപ്പാടുണ്ടാക്കുന്നതു തന്നെയല്ലേ? തെയ്യക്കോലങ്ങളേയും കാളീരുപത്തെയും തെല്ലു ഭയത്തോടെ സമീപിക്കുന്ന നമ്മള്‍ കുരുന്നു മനസ്സുകളുടെ ഭയവും മനസ്സിലാക്കേണ്ടതായിരുന്നു.

ഒരുപക്ഷെ ഇതിന്‍റെ പേരായിരിക്കാം നമ്മെയെല്ലാം ആ ചിന്തയില്‍നിന്നും വഴിതെറ്റിച്ചത്.  “കഥകളി” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഭയപ്പാടുണ്ടാക്കുന്ന ഒന്നും തന്നെ ആരുടേയും മനസ്സിലേക്ക് വരാറില്ല. “കഥ “ യും “കളി” യും കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവയുമാണ്.  അപ്പോള്‍ ഈ കഥകളി രൂപവും കുട്ടികളില്‍ ഭയപ്പാടുണ്ടാക്കില്ല എന്ന് ഏവരും വിശ്വസിച്ചു പോരുന്നു.

അപ്പോള്‍ പിന്നെ രൂപം വച്ചുനോക്കുമ്പോള്‍ ഇതിന് ഈ പേര് ചേരില്ലല്ലോ എന്നും കഥകളിക്കെന്താ കടിച്ചുകുടായോ എന്നും ഒരു കുട്ടി ചോദിച്ചാല്‍ നമ്മള്‍ കുഴഞ്ഞുപോകില്ലേ?

നിങ്ങള്‍ കണ്ടിട്ടുണ്ടോ ഈ കഥകളി ?  

മുകളില്‍ പറഞ്ഞതെല്ലാം ഒരു തിരിച്ചറിവായിരുന്നെങ്കില്‍ ഇനിപ്പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്.

കഥകളിയുടെ രൂപവും പേരും എല്ലാം വിശകലനം ചെയ്തുകഴിഞ്ഞപ്പോളാണ്  നെട്ടനെയുള്ള ഈ ചോദ്യം മനസ്സിലേക്ക് ഇറങ്ങിവന്നത്.  അപ്പോള്‍ വളരെ ജാള്യതയോടെ സമ്മതിക്കേണ്ടിവരുന്നു ഞാനും നേരിട്ട് കണ്ടിട്ടില്ല കഥകളി എന്ന്.

ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ടിവിയില്‍ കണ്ട ഓര്‍മ്മ മാത്രം ഉണ്ട്.

മറ്റുചാനലുകള്‍ ഇല്ലായിരുന്നതുകൊണ്ട് എന്ത് വന്നാലും കാണുന്നശീലം അന്നെല്ലാവര്‍ക്കും ഉണ്ടായിരുന്നു.  അതുകൊണ്ട് ടിവിയിലെങ്കിലും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടാം.

ചാനലും കടന്ന് നെറ്റ് യുഗത്തില്‍ എത്തിനില്‍ക്കുന്ന പുതിയ തലമുറയ്ക്ക് എന്താണ് ഈ കഥകളി? കേരളപൈതൃകം പറയുന്നിടത്തെല്ലാം വരച്ചുവെക്കുന്ന ഒരു രൂപം മാത്രമായിരിക്കുമോ? ആപ്പോള്‍പ്പിന്നെ അതല്ലേ ഈ “കഥ അറിയാതെ ആട്ടം കാണല്‍ “ എന്ന് പറയുന്നത്.

About SKN ACHARI

Digital Marketing Expert from Kerala India and at the same time a creative writer, graphic designer, and motivator having 15+ years of experience. He is more interested in Personal Branding and SEO even though he deals with all types of Digital Branding and copywriting.